Monday 5 September 2011

നിശബ്‌ദത

വിഷമങ്ങൾ ദൂരെയിൽ നിന്ന്
എന്നെ നോക്കി ചിരിച്ചു
അടുത്ത് അടക്കി ചിരിക്കുന്ന
മൊബൈൽ ശബ്‌ദിച്ചു
നിശബ്ദതയിൽ നിലാവ്
ഇരുട്ട് പരത്തി
അകലങ്ങളിൽ നിന്ന് 
കൂടാരത്തിലേക്ക് എത്തി
പക്ഷെ, മുഖങ്ങളിൽ
സ്നേഹം വിതുമ്പി

Saturday 27 August 2011

കടം

നാളെയാണ് നാളെയാണ്
സത്യ വാക്കാണ് പറഞ്ഞത്
ദിവസം രണ്ടല്ല മൂന്ന്
എവിടെ വാക്കും പാക്കും
ഞാനോ നീയോ കുറ്റക്കാരൻ?
പാവം കടക്കാരൻ!!!

Friday 12 August 2011

സത്യം

സത്യം പറയാമല്ലോ,
ഒളിഞ്ഞിരുന്ന്
ഞാൻ ആരെയും കുറ്റം പറയുന്നില്ല
എന്നെ അറിയാത്ത നിങ്ങൾക്ക്
യഥേഷ്ടം വിമർശനങ്ങൾ അഴിച്ചു വിടാം.
അതിലൊന്ന് ശരിയാണെങ്കിൽ
വലിയൊരു മാറ്റത്തിനു ശ്രമിക്കം എനിക്ക്.
പിന്നെ, ഭയം അതൊരു വല്ലാത്ത
സംഭവം തന്നെ, എത്ര തവണ
ഉൾവലിഞ്ഞു, കല്ലെറിയുമോ
എന്ന് പേടിച്ച്, ഏതായാലും
നിങ്ങളെ അടക്കം പറയുവാൻ നിൽക്കുന്നില്ല.
ഇവനെ കുറിച്ച് എന്തു കരുതുന്നു??

Monday 1 August 2011

അജ്ഞാതൻ

കൃത്യം പത്തുമാസങ്ങൾക്ക്
മുൻപ്
ആരാരും തിരിച്ചറിയാത്ത
ബിന്ദുവായിരുന്നിട്ടും
പുറംകാഴ്ച്ചകളിലേക്ക്
അതിവേഗത്തിൽ
പുറത്തേക്ക് വന്നു.
കൂടിനിന്നവരും ഇരുന്നവരും
കിടന്നവളും
സന്തോഷ വക്താകളായിട്ടും
അപ്പോഴും, ഇപ്പോഴും
കരച്ചിൽ തുടർന്നു.
ക്ലോക്കും സിറിഞ്ചും
മാറിമറിയുമ്പോളും
ആരോക്കെയോ നടന്നു
നീങ്ങികൊണ്ടിരുന്നു.
നിറങ്ങളുടെ വകഭേദങ്ങൾ
വസ്ത്രാരോഹണത്തിൽ
വന്നുചേർന്നപ്പോൾ
അന്ന്, ഞാൻ ഇട്ടിരുന്ന
തൂവെള്ള വർണ്ണം
തന്നെയായിരുന്നു
മോർച്ചറിയിലെ
അജ്ഞാതനായ ദേഹത്തിന്.

Thursday 28 July 2011

അകംപുറം

ഒരേനിറമായിരുന്നു
നിന്നിലെ പുറവും,
എന്നിലെ അകവും.
ചോരത്തിളപ്പിൽ ഞാൻ
കണ്ടുവെച്ചതു അവളായിരുന്നിട്ടും
നിന്റെ  അതീവസുന്ദരമേനിയിലായിരുന്നു
രക്തം തുളുമ്പുന്ന കൈകളുടെ
സ്‌പർശമേറ്റത്.
ഒരുവാക്കും എതിർപറയാതെ
എനിക്കായി നീ മൗനം പാലിച്ചു
ഇര അവളായിരുന്നിട്ടും
നിന്നെ,ഇരയാക്കേണ്ടി വന്നു
നിന്നിലെ പുറമോ
അവളിലെ അകമോ
എന്നിലെ അകംപുറമോ
ആരാണ് ഉത്തരവാദി?

Wednesday 27 July 2011

ചോദ്യം

ചോദ്യം
ചോദിക്കുവാൻ
ചെന്നപ്പോൾ
ചെയറിലിരിക്കുന്ന
ചന്ദ്രൻ സാർ
ചോദ്യം ഇങ്ങോട്ട്
ചോദിച്ചു
ചെയ്യാത്ത കുറ്റത്തിനു
ചോദ്യം
ചെയ്യുന്ന ശൈലിയിൽ.
ചിന്തിക്കാൻ ഇടം തരാതെ
ചോദ്യ ചിഹ്നമായി
ചെന്നിരുന്നു.

Tuesday 26 July 2011

സ്വപ്‌നങ്ങൾക്ക് മരണമുണ്ടോ?

പണ്ട്, കുളക്കടവിൽ കുളിക്കുമ്പോൾ എന്നോട് ഇക്കാക്ക ചോദിച്ചു, നീ ടി.വിയുടെ  മുന്നിൽ തന്നെ ആണല്ലോ? എന്നാലും പഠനത്തിൽ  നീ തന്നെയാണല്ലോ മുന്നിൽ.? എനിക്കറിയില്ലായിരുന്നു എന്ത് കൊണ്ട് എന്ന്? അന്ന്  വാർത്തകളിലും ക്വിസ് പ്രോഗ്രാമുകളിലുമായിരുന്നു ഏറെനേരം ടി.വിക്കു മുമ്പിൽ ഞാൻ കാണപ്പെട്ടത്. ഇന്നു ടി,വി തന്നെ കാണൽ കുറവാണ്. ആ കാഴ്ച്ചകളിലിൽ എന്റെ മനസ്സിലേക്ക് ഒരു സ്വപ്‌നം കുടിയേറിപാർത്തിരുന്നു. ഞാൻ അറിഞ്ഞിട്ടും എന്ത് കൊണ്ടോ അവഗണനകൾ നേരിട്ടു. ആരെങ്കിലും വരുമെന്ന് പ്രത്യാശിച്ചിരുന്ന സ്വപ്‌നം, പതുക്കെ, പതുക്കെ മാറോല കെട്ടികിടന്ന് തിരിച്ചറിയാതെ ആയി. എവിടെയുള്ളതിനെയും സൂക്ഷ്മം നീരിക്ഷിച്ചിരുന്ന ഞാൻ " ഒരു വില്ലേജ് ഓഫീസറാക്കും" എന്ന് ആരോ തമാശരൂപത്തിൽ പറഞ്ഞിരുന്നത്രെ. പലപ്പോഴായി ഒരു നല്ല പ്രഭാതത്തിന്റെ തണുപ്പ് പ്രതീക്ഷിച്ച് പഴയ സ്വപ്‌നവീട്ടിൽ പോയിനോക്കും, അപ്പോഴേക്ക് ആരോ വഴിയിൽ നിന്ന് വിളിച്ച് എന്നെ വിണ്ടും ദൂരെ കൊണ്ടുപോകുന്നതായിരുന്നു. വസന്തകാലമായിരുന്നു എനിക്ക് , പൂപ്പൽ വന്നുകൂടിയ സുന്ദരമായിരുന്ന വീടിലെ താമസം. ഞാൻ താമസിച്ചിട്ടില്ലെങ്കിലും സ്വപ്നത്തിലും ആഗ്രഹത്തിലും ദൂരെക്കു നോക്കി ഞാൻ കുറെ നാളുകൾ മുന്നോട്ട് നീക്കിവെച്ച്  ദുർബലനായ കാവൽക്കാരനായി നിന്നു. ആർത്തിയുടെയോ അത്യാഗ്രഹത്തിന്റെയോ തസ്കരന്മാർ(ഞാൻ) ഉറക്കം നടിച്ച നേരത്ത് എന്നിൽ നിന്നും സ്വപ്‌നത്തെ മോഷ്‌ടിച്ചു. 

സകൂൾ ജീവിതത്തിന്റെ ആദ്യവഴികൾ ഉയർന്നമാർക്കോടെ(?) വിജയിച്ചനേരത്ത് ആരും പറഞ്ഞു നടക്കുന്ന സയൻസ് എന്ന് ദുര്യാർത്തി തസ്കരവേഷത്തിൽ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇടവഴികളിലൂടെ വിജയത്തിന്റെ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നടന്നുപോകുമ്പോൾ ഞാൻ എന്റെ കൂട്ടുക്കാരനോട് പറഞ്ഞ ഹ്യൂമാനിറ്റിസ് എന്ന  തുടർച്ചയെ, പിന്നെ ആരാണ് എന്നിൽ മാറ്റി കളഞ്ഞത്? ഞാൻ തന്നെ.

ശാസ്ത്രത്തിന്റെ വിഡ്ഡിത്തങ്ങൾ(എനിക്ക്) (തിയറികളും കണക്കുകൂട്ടലും) എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചു. ഞാൻ വെള്ളം കുടിച്ചതെ ഇല്ല. ദാഹം കൊണ്ട് കുടിക്കുവാൻ പോകുമ്പോൾ വെള്ളം കഴിഞ്ഞ അവസ്ഥ. മരുഭൂമിയിൽ അകപ്പെട്ട എനിക്ക് ഒരു മരുപച്ച കാണുവാൻ വേണ്ടീ ഒന്ന് ഒന്നര ഓട്ടം ഓടി. അപ്പോഴും ആരോ പറഞ്ഞു:" ഇക്കര നിൽക്കുമ്പോൾ അക്കര പച്ച" . ആ വാക്കിൽ വീണു ഞാൻ. വീണയിടതു നിന്ന് ഉരുട്ടുകളിച്ചു അവസാനം കരകയറി ഫസ്റ്റ് ക്ലാസോടെ.

മനസ്സിന്റെ ദുരാഗ്രഹങ്ങൾ വീണ്ടൂം പൊട്ടിമുളക്കുവാൻ തുടങ്ങി, വൈറ്റ് കോളറുകൾ എന്റെ കറുത്ത മനസ്സ് കാണാദൂരത്ത് കണ്ട് കൊണ്ടെയിരുന്നു. അതിനു കൂട്ടായി വീടുക്കാരും നാട്ടുക്കാരും. എന്നെ തള്ളിപറഞ്ഞു അയച്ച് എന്ന് പറയില്ല. ചുമ്മാ തള്ളികയറി എന്നെ പറയൂ.. അതും വലിയൊരു മലയുടെ മുകളിൽ, ദൂരെക്കു നോക്കിയപ്പോൾ സുന്ദരമായ തടാകവും ചുറ്റും പ്രകാശപൂരിതമായ പട്ടണവും. അവിടെ എത്താൻ മൈലുകളോം സഞ്ചരിക്കണമെന്ന കാര്യം മറന്നിരുന്നു. മടിയൻ മല ചുമക്കും എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്ന തരത്തിൽ മലക്കു മേലെ അപ്പോഴെ വന്നുപോയ നക്ഷത്രത്തിന്റെ പ്രകാശത്തിളക്കം ആസ്വദിച്ചു അവിടെ ഇരുന്നു നല്ലൊരു ഉറക്കം ഉറങ്ങി എഴുന്നേറ്റപ്പോൾ വീടുക്കാരും നാട്ടുക്കാരും എന്നിൽ സൂര്യനോളം പ്രതീക്ഷകൾ ശോഭിച്ചിരുന്നു. വാസ്തവത്തിൽ എന്നിലെ സൂര്യൻ അസ്തമിച്ച കാര്യം അറിയില്ലായിരുന്നു ആർക്കും. മുമ്പിൽ ഇരുട്ട് ഉണ്ടെന്ന് ഞാൻ പറഞ്ഞ് കൊടുത്തില്ല. 

ഓരോ അസ്തമയത്തിനും ഉദയത്തിനു ഇടക്ക് പണ്ട് മനസ്സിൽ കുടിയേറിപാർത്ത സ്വപ്നത്തിലേക്കുള്ള വഴികൾ കാണാമായിരുന്നു. ഒരിക്കൽ സൂര്യനസ്‌തമിച്ചതിനു ശേഷമുള്ള ഒരുദിനത്തിൽ സ്വപ്‌നത്തിലേക്കുള്ള വഴിയിൽ ഒരു കിലോമിറ്ററോളം സഞ്ചരിച്ചു, വഴികളിലെ പുതുമായ്ർന്ന കാഴ്ച്ചകൾ പരിച്ചയപ്പെടുന്നതിനിടയിൽ വീണ്ടും ആരൊ (ഞാൻ) തിരികെ വിളിച്ചു.

ആ വിളിയിൽ പലരും പറഞ്ഞു " നീ തിരികെ വന്നത് നന്നായി, നിനക്ക് പ്രൊഫ്‌ഷണൽ കോളെജിൽ പടിക്കാമല്ലോ?"  സ്വപ്‌നത്തിൽ നിന്നു തിരികെ നടന്നപ്പോൾ പുതിയ ഒരു സ്വപ്‌നം ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു. വേറെ പടിക്കൽ എത്തിനിൽക്കുന്ന ഞാൻ വർഷങ്ങൾ പോകുന്നത് അറിഞ്ഞിട്ടും അവിടെ തന്നെ നിന്നു, എന്തെങ്കിലും നന്മ ഉണ്ടാകുമെന്ന വിചാരത്തിൽ. വന്നുപ്പെട്ട കൂട്ടവും ഒരുപാട് സ്വപ്‌നങ്ങൾ തലയിലേറ്റി നടക്കുന്നവർ, ഇപ്പോൾ ആ ഭാരം എവിടെ ഇറക്കിവെക്കുമെന്ന വ്യാധിയിൽ. നാട്ടുക്കാരും വീടുക്കാരും തീരുമാനിക്കുന്ന നമ്മൾ (ഞാൻ) ഇല്ലാതാക്കുന്ന കാഴ്ച്ചയായിരുന്നു ഓരോ കലണ്ടറുകളുടെ ചിത്രം മാറുമ്പോൾ.

വീണ്ടും സ്വപ്നം, ആരോ ( ഞാൻ) എന്നോട് രഹസ്യമായി ആറാം ക്ലാസിൽ അഭ്യസിക്കുമ്പോൾ പറഞ്ഞു തന്ന സ്വപ്നം , മരണപ്പെട്ടുകൊണ്ടിരിക്കുന്നു.


ഞാൻ എന്റെ സ്വപ്‌നത്തിൽ (യഥാർത്ഥ്യത്തിൽ) കൂടെ ഇരുന്നുട്ടേ?

Monday 25 July 2011

വായന

വായിക്കാൻ കണ്ണുകൾക്ക്
വിശ്രമം വേണ്ടേ?
വിഭജിച്ച സമയത്തിൽ
വായന ഒഴിവുനേരത്ത്.
യാത്രകളിൽ യാതൊരു
അനക്കൊമൊന്നുമില്ലാതെ
മാങ്ങ കേട്ടപ്പോളും
മാങ്ങാത്തൊലി കളഞ്ഞില്ല.
രാത്രി ബ്ലൊഗിൽ
രാപ്പാടി പാടിയ കവിതകൾ(?)
തിരഞ്ഞു ഈണമിട്ടു
വായിക്കാൻ
എന്റെ ബ്ലൊഗ്
അനുവദിച്ചില്ല.

Sunday 24 July 2011

മോഡേൺ

ആദ്യം അവൾക്ക്
ഞാൻ ലൗ ലെറ്റർ നൽകി
പഴഞ്ചൻ ഏർപ്പാട് എന്ന്
മറുപടി തന്നു

പിന്നെ സുന്ദരിക്ക്
കരിവളകൾ കൊടുത്തു
തനി നാടൻ ആണല്ലേ എന്ന്
പരിഹാസ്യം പറഞ്ഞു

വിണ്ടും പ്രണയിനിക്ക്
കരിമഷി സമ്മാനിച്ചു.
കോലം കെട്ടിക്കുകയാണോ എന്ന്
ഒരു ചോദ്യം ഉതിർത്തു

അവസാനം കാമുകിക്ക്
കാമം പങ്കു വെച്ചു.
നമ്മൾ മോഡേൺ ആയി
അല്ലേ? എന്ന്
ഒരു പുഞ്ചിരിവാക്ക് മൊഴിഞ്ഞു.

Saturday 23 July 2011

കർമ്മങ്ങൾ

നിന്ന നിൽപ്പിനു
കിടപ്പാടം
വിറ്റു തുലച്ചു

ഇരുന്ന ഇരുപ്പിനു
മോന്തായം
കുടിച്ചു തീർത്തു

പോയ പോക്കിനു
നാലുപേരെ
തെറി വിളിച്ചു

വീണ വീഴ്ച്ചക്കു
വാളാൽ
പൂക്കളം തീർത്തു

Friday 22 July 2011

ഇന്നും

ചന്ദ്രികാ വസന്തം ഞാൻ കൊതിക്കും മുമ്പേ
മാനിൽ തെളിഞ്ഞു നിൽക്കുവേ
എന്നിൽ പുഞ്ചിരി പുൽകി നിന്നേ
പ്രകാശത്തിൻ പ്രതിഫലമേ
എവിടെക്കോ നീ ഓടി ഒളിച്ചതേ
ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിലേ
നീ വീണ്ണിൽ സൗന്ദര്യം തൂക്കി നിൽക്കുമെന്ന് തീർച്ച
മേഘങ്ങൾക്കിടയിൽ മറഞ്ഞിരിപ്പും മുമ്പേ
എൻ മനതാരിൽ സൂക്ഷിച്ചു വെച്ചു നീന്നെ
എന്നിട്ടും കറുത്ത മുഖംമൂടി ധരിച്ചേ
എന്റെ നയനങ്ങൾക്ക് നിൻ ഹൃദയം സമ്മാനിച്ചതല്ലേ
ഇന്നും നിലാവിൽ നിന്റെ ശബ്ദം കേൾക്കെ
ഞാൻ ഓടി വന്നിരുന്നു, നീ അറിയാതെ

Thursday 21 July 2011

ജീവിതമെന്ന കവിത

ജീവിത നൗകയും ലക്ഷ്യവും
ജന്മത്തോടെ കൂടെ ഉണ്ടായിരുന്നു.
എന്നിട്ടും നീണ്ട യാത്രകൾ സഞ്ചരിച്ച്
എത്തിചേർന്നത് ഏകനായി ഒരു തീരത്തായിരുന്നു.
അവിടെ കണ്ട ഞണ്ടിന്റെ നടപ്പും
ആഴകടലിലെ മുത്തിന്റെ സൗന്ദര്യവും നോക്കി നിന്നു.
വിജന്മായ മരുഭൂമിയിൽ പ്പെട്ടപോലെ അല്ല,
വെള്ളത്തിനു ക്ഷാമമിലെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്നു.
തിരിഞ്ഞ് നോക്കുന്നതിൽ അർത്ഥമില്ലെന്ന്
തന്റെ അനുഭവം കുറെ പഠിപ്പിച്ചിരിക്കുന്നു.
കവിതയും കഥയും കടൽ കടന്ന്
കാറ്റിനോടപ്പം വന്നിട്ടും ഒന്നും മനസിലാക്കുന്നിലായിരുന്നു.
താളത്തിന്റെ സംഗതി എവിടെയോ വെച്ച്
തകിടം മറഞ്ഞ് റീമേക്കിൽ മോടികൂടി കൊണ്ടിരിക്കുന്നു.
ജന്മം എന്ന എന്റെ ബാധ്യത എന്നിൽ നിർവഹിച്ചാൽ
ജീവിതമെന്ന കവിതക്കു രാഗം സാന്ദ്രമായിരുന്നു

Wednesday 20 July 2011

ഇന്ന് ഒരു ദിനം

ഒരു ദിനത്തെ കുറിച്ച് ഏതെങ്കിലുമൊക്കെ എഴുതണമല്ലോ..... ഇന്നലെ പറ്റി ഓർത്തിട്ടുക്കുവാൻ എന്റെ കൈകളിൽ ഒന്നു തന്നെ ഇല്ല..... പണ്ടെ മറവിക്കാരനാണു, അപ്പോ നാളെയെ കുറിച്ചോ.. എന്റമ്മോ, ആലോച്ചിക്കുവാൻ കൂടി വയ്യാ. എന്തായിരിക്കും ജയിക്കോ, നടക്കോ, കിട്ടുമോ എന്നൊക്കെ ആധി ആയിരിക്കും മനസ്സിൽ തളംകെട്ടി നിലക്കുക പിന്നെ. അത് കൊണ്ട് ഒന്നും തന്നെ നാളെ പ്രവചിച്ച് കുറിക്കുന്നില്ല. എന്നാൽ ആകെ ഉള്ളത് ഇന്ന് മാത്രം . ഇരുപതിനാലു മണീക്കുർ അല്ലെ. ഒന്ന് ആലോചിച്ച് നോക്ക് ഈ മണീക്കുർ ഒരാളെ വെയ്റ്റ് ചെയ്തു നിൽക്കുവാൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാക്കും. ഒരു വർഷം പോലെയിരിക്കും. അല്ലെങ്കിൽ ചടപ്പിക്കുന്ന ഒരു ക്ലാസിൽ ഇരുന്നാലുള്ള അവസ്ഥ. അല്ലാഹാ പറയെ വേണ്ട, കാത്തിരിക്കുകയാണെങ്കിൽ ചുമ്മാ പാട്ട് കേട്ടിരിക്കാമല്ലോ,, ഈ ക്ലാസിൽ എന്തു ചെയ്യും??? ചില വിരുതർ പാട്ടൊക്കെ കേൾക്കും , അതു വേറെ കേസ്. നമ്മൾ എന്താ പറഞ്ഞു വന്നത്. ഇന്നിനെ കുറിച്ച് അല്ലേ........


സത്യത്തിൽ എന്താണ് ഇന്ന്.?? രാത്രി നട്ടപാതിരാ മുതൽ ഇന്നായില്ലേ? ഇന്നു എന്നു അറിയുന്നത് തന്നെ ഒരു ദിനത്തിന്റെ കാൽഭാഗം കഴിഞ്ഞിട്ടാണ്. എന്നിട്ടും നമുക്ക് മടി എന്നു എഴുന്നേൽക്കാൻ.... നമുക്ക് അല്ല.. എനിക്ക്!! . അങ്ങനെ നേരം വെളുപ്പിച്ചപ്പോൾ, ഞാൻ വെളിപ്പിച്ചതൊന്നുമല്ല.. അത് ഇങ്ങനെ പടച്ചോന്റെ ഖുദരതു കൊണ്ട് നേരം ക്ലോക്കിൽ കറങ്ങി കൊണ്ടിരിക്കുന്നു. ഇനി ക്ലോക്ക് ഇല്ലെങ്കിലും അത് അതിന്റെ പണി തുടർന്നിരിക്കും. സോറി, എവിടെ പറഞ്ഞു നിർത്തിയത്. ഞാനെ പഴയ പോസ്റ്റിൽ ആരെങ്കിലും വല്യ അനുമോദം നൽകിയോ എന്ന് അറിയാൻ ഒന്നു പോയിനോക്കിയതാണ്.

അങ്ങനെ പകലായി, പകൽ പോലെ സത്യം ഞാൻ കട്ടിലിൽ തന്നെയാണ്. ഇതൊക്കെ മാറ്റിയെടുക്കാൻ കഴിയിട്ടെ. പടച്ചോൻ പടച്ചൊന്റെ പണി നേരാവണ്ണം ചെയ്യുന്ന്ട്. ഞാനാണ് മോശക്കാരൻ. എന്നാലും ഞാൻ, ഞാൻ തന്നെയാണ്. അതിൽ വെല്ലുവിളിക്കാൻ ആരും ആയിട്ടില്ല. കാരണം എന്റെ അതെ ഫിഗർപ്രിന്റൂള്ള ഒരുത്തനെ കാണിച്ചു താനാല്ലേ എനിക്ക് അവൻ സമമാക്കുകയുള്ളു.  യെസ്. ഐ ആം ഐ. :)

ഇന്നു ഞാൻ ആരായിരുന്നു എന്നത് പറയാനാണ് എഴുതു തുടങ്ങിയത്. വിണ്ടും ആരോ ചാറ്റിങ്ങ് വന്നിരിക്കുന്നു.. ഓരോ ശല്യങ്ങൾ എന്നു പറയാൻ ഓകുമോ? ഇല്ലലോ, അവർക്കു ഞാൻ വേണ്ടപ്പെട്ടവനായത് കൊണ്ടല്ലേ, എന്നെയുമായി സൊല്ലാൻ വന്നത്.  അവന്റെ ഫോട്ടോ അയച്ചു കൊടുക്കുവാൻ.. അത് ജീമെയിൽ ഇട്ടുകൊടുത്തുണ്ട്, നെറ്റ് വളരെ ക്ഷമയുള്ളത് കൊണ്ട് കുറെ കഴിഞ്ഞ് സെന്റാക്കും. അപ്പോ, ഇന്നത്തെ പ്രധാന സംഭവം ഞാൻ  ഒരു ബ്ലോഗറായി. ഇനി എനിക്ക് ബൂലോകത്തും കിടന്നും ഇരുന്നും നടന്നും വിലസാമല്ലോ? ഞാൻ എന്നെ പറ്റി മാത്രമെ എഴുതൂ.... കാരണം ഞാൻ ഒന്നെ ഉള്ളു.

ഒരിക്കെ ഒരു പരിപാടി പങ്കെടുക്കുവാൻ വേണ്ടി ഒരു സ്ഥലത്ത് പോയപ്പോൾ , ഒരു അമേരിക്കൻ മലയാളി സായിപ്പ്, മലയാളത്തിൽ നല്ലോണം കത്തിവെച്ചുകൊൺറ്റിരിക്കുന്നു. പരിപാടി തുടങ്ങാൻ  മണിക്കുറുകൾ വൈകിയിരിക്കുന്നു, അദ്ദേഹത്തിനു യാതൊരു മുഷിപ്പുമില്ല എന്നത് ഒരു വസ്തുത. ഒരു നല്ല കാര്യം ."നിങ്ങൾ ചുമ്മാ ഇരുന്നു ബോറടിക്കാതെയിരിക്കുവാൻ വേണ്ടിയാണ് പ്രൊഗ്രം കോർഡിനേറ്റർ എന്നെ നേരത്തെ ഇവിടെ എത്തിച്ചത് " എന്നു അദ്ദേഹം ഞങ്ങളോട് തമാശ രൂപേണേ പറഞ്ഞു തന്നു. തന്നെ കുറിച്ചായിരുന്നു അവർ കൂടുതൽ നേരം സംസാരിച്ചത്. താൻ ചെയ്തു വെച്ച നല്ല കാര്യങ്ങൾ..... അങ്ങനെ കുറെ കാര്യങ്ങൾ... തന്നെ കുറിച്ചു പറയുന്നതിനെ കുറിച്ച് അവർ തന്നെ അതിനു ഒരു നിലപാട് പറഞ്ഞു: നമ്മൾ മറ്റുള്ളവരുടെ ചരിത്രം പഠിച്ചു വളർന്നു. ഇന്നു നമുക്ക് ആരെയും പറ്റി പറയാൻ ഇല്ല.  ജീവിക്കുന്ന റോൾ മോഡലുകൾ കുറവാണ്. അതു കൊണ്ട് തന്നെ നമ്മൾ തന്നെ നമ്മുടെ റോൾ മോഡലുകളാവുക എന്ന ഉപദേശം നൽകി. അഹങ്കാരത്തോടെ അല്ല, ഒരു നന്മ അത്രമാത്രം. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ധനം മാഗസിൻ എണ്ണപ്പെട്ട നൂറും പ്രവാസി സംരംഭകരിൽ ഒരാളാണ് ആ വ്യക്തിത്വം. നമ്മെ കുറിച്ച് നല്ലത് പറയാൻ നമ്മളെങ്കിലും ഉണ്ടാകട്ടെ... ആത്മവിശ്വാസത്തോടെ.. എന്നാൽ അല്ലെ മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ നമ്മെ കുറിച്ചു നല്ലത്  പറയാൻ കഴിയൂ.

ഐ ആം ഓകെ....... യൂ ആർ ഓക്കെ........ എന്ന പോളിസി ഉപയോഗിക്കുക.


രാവും കഴിഞ്ഞ് രാവിലെയും പിന്നിട് ഉച്ചയ്യോടെ ആദ്യ പോസ്റ്റ് പുറത്തിറങ്ങി.. നിങ്ങൾ എല്ലാവരും കണ്ടിട്ടു ഉണ്ടാക്കുമോ? അറിയില്ല... കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു. സന്തോഷം. വൈകുന്നേരം വരെ വീട്ടിൽ തന്നെ. മനസ്സിനെ ശുദ്ധീകരിക്കുവാനും ശരീരത്തിലെ തലക്കു ഭാരമായി നിൽക്കുന്ന മുടികളെ മുറിച്ചു മാറ്റുവാനു വേണ്ടി നഗരത്തിലേക്കിറങ്ങി, പരിസ്ഥിതിയെ പറ്റി പലരും എഴുതും പ്രസംഗിക്കും , ഞാൻ ആസ്വദിക്കും. മഴയെ നല്ലോണം കണ്ട് നടന്ന്  വൈകുന്നേരം സായം സന്ധ്യയെ സമ്പുഷ്ടമാകി. കൂടെ പുതുതായി തുറന്ന ആഗോളവൽകരണത്തിന്റെ ഭാഗമായി വന്ന് കോഫി കഫേയിൽ കയറി മെഷീൻ വഴി ഉണ്ടാകിയ കോഫിയും നുകർന്നു  ഇന്നത്തെ രാവിനെ വരവേൽറ്റു.


രാത്രിയുടെ ഇരുട്ടിൽ ഈ പോസ്റ്റ് വെളിച്ചം കണ്ടത് എങ്ങനെ? നിങ്ങൾ കണ്ടാൽ എങ്ങനെ പ്രതികരിക്കും? എല്ലാം മനുഷ്യൻ കണ്ടുപിടിച്ചത് കൊണ്ട് അല്ലേ?


ഞാൻ ഇനിയും എന്റെ സമയം കളയുന്നില്ല.. നിങ്ങളൂടെയും...


നാളെ ഒരു ദിനവുമായി വരും...  ശുഭരാത്രി

Tuesday 19 July 2011

ഞാൻ



തുടക്കവും
ഒടുക്കവും 
താഴ്ച്ചയും
ഒച്ചപ്പാടും
തിന്മയും
ഒന്നുമില്ലായ്മയും
തട്ടികൂടലും
ഒരടയാളപ്പെടുത്തലും
താങ്ങലും
ഒറ്റികൊടുക്കലും
തമാശയും
ഒറ്റക്കിരുന്ന് ചിരിക്കലും
തർക്കവും
ഒരുമിക്കലും
തുറന്നെഴുത്തും
ഒളിയമ്പും
തരിമണ്ണും
ഒഴിവാക്കപ്പെട്ടവനും

തീരുന്നില്ല
ഒരുപാട് ഇനിയുമുണ്ട്.